മാറുന്ന സ്ഥലം മായുന്ന പേര്: ഒന്ന്

 

ബെയ്പുർ ഫിഷിംഗ് ഹാർബർ ഇരിക്കുന്ന സ്ഥലത്തെ പണ്ട് വിളിച്ചിരുന്നത് ഓലശ്ശേരി. ഓലം എന്ന വാക്കിന് കടൽ എന്ന്
 അർത്ഥo. ഈ വാക്ക് archaic അഥവാ പ്രയോഗലുപ്തം. കേരളം എന്ന് നാം ഇപ്പോൾ വിളിക്കുന്ന സ്ഥലം ഒറ്റ ദിവസം കൊണ്ട് ഉണ്ടായതാകാൻ വഴിയില്ല,  നമ്മുടെ പൊതുബോധത്തിൽ അങ്ങനെയാണെങ്കിലും.

ഓലശ്ശേരിയിൽ നിന്നും കരിംതിരുത്തിയിലേക്ക് കടവ് കടന്ന് ആളുകളും ചരക്കുകളും എത്തി.  മൺസൂൺ മഴയിൽ ബേപ്പൂർ പുഴയിലൂടെ ഒലിച്ചിറങ്ങി അടിഞ്ഞു കൂടിയ എക്കലിന് കരി എന്ന് പറയുന്നു.  ഇന്ന് അത് കരുവൻ തിരുത്തിയായി.  പുഴയുടെ തീരത്ത് അടിഞ്ഞു കൂടിയ കറുത്ത മണ്ണിൽ നിന്നാണ് കരിം തിരുത്തി ഉണ്ടായത്. ഗൂഡല്ലൂർ മലകളിലെ കാടും മണ്ണും, കരിയിലയും; പുഴയുടെ, അതിലേക്ക് ചേരുന്ന ചെറുപുഴ ഇതെല്ലാം:
ഇരിഞ്ഞിപ്പുഴ
കുറുമ്പ പുഴ
കാഞ്ഞിരപ്പുഴ
പുന്നപ്പുഴ
കരിമ്പുഴ
വടക്കുമ്പാട് പുഴ.  ഏതാണ്ട് 100 മൈൽ നീളം, 3000 ചതുരശ്ര കി. മി drainage area. ചുളിക, നിലമ്പൂർ, ബേപ്പൂർ പുഴ എന്നീ പേരിലും അറിയപ്പെടുന്നു. പുഴയുടെ തീരത്തെ ഗ്രാമ, പട്ടണങ്ങൾ ഇവയൊക്കെ:

പോത്തുകൽ
ചുങ്കത്തറ
നിലമ്പൂർ
മമ്പാട്
ഇടവണ്ണ
കാവനൂർ
പേരകമണ്ണ
അരീക്കോട്
കിഴുപറമ്പ്
എളമരം
ചീക്കോട്
വാഴക്കാട്
വാഴയൂർ
ചെറുവാടി
എടവണ്ണപ്പാറ
മാവൂർ
പെരുവയൽ
ഫറോക്ക്
ബേപ്പൂർ എന്നീ ക്രമത്തിൽ മുകളിൽ നിന്നു താഴോട്ട്.  ഇവിടങ്ങളിൽ നിന്നൊക്കെ ഒലിച്ചിറങ്ങി അടിഞ്ഞു കൂടിയ എക്കലാണ് കരിംതിരുത്തി.

ഓലശ്ശേരി കടവിൽ തൊണ്ട് തല്ലി ചികരിയാക്കുന്ന തൊഴിൽ  പെണ്ണുങ്ങൾ ചെയ്തു വന്നു. കടവിലേക്ക് നിരത്ത് ഉണ്ടായിരുന്നില്ല. വെറും ഇടവഴി.  ഉയർന്ന പറമ്പുകൾക്കിടയിലെ വഴി.  മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് പുഴയിലോ കടലിലോ ചെന്നു ചേരുന്നു.  റോഡ് വന്ന കാലത്ത് അതിന് അയ്യപ്പൻ റോഡ് എന്ന് പേരും കൊടുത്ത്.  അവിടെ ഇപ്പോഴും നിലവിൽ ഉള്ള ബസ് സ്റ്റോപ്പ് അയ്യപ്പൻ റോഡായി.  ഫിഷിംഗ് ഹാർബർ വന്നപ്പോൾ അത് ഹാർബറും ജട്ടിയുമായി.  ജട്ടി ഇംഗ്ലീഷിൽ നിന്നും കുടിയേറി വന്നു. ഇംഗ്ലീഷിലേക്ക് ഫ്രഞ്ച് ഭാഷയിൽ നിന്നും.

Jetty, pier, wharf, dock എന്നീ വാക്കുകൾ അർത്ഥ വ്യത്യാസമില്ലാതെ ഇന്ന് ഉപയോഗിച്ചു വരുന്നു.  ഒഴുക്കിൽ നിന്നും വലിയ തിരകളിൽ നിന്നും തീരത്തെ രക്ഷിക്കാൻ ജെട്ടി മതി. തീരത്തു നിന്നും കടലിലേക്ക് ഇറക്കി കെട്ടിയതാണ് pier. കടൽപ്പാലം. ചരക്ക് ഇറക്കാനും കയറ്റാനുമുള്ള സ്ഥലം വാർഫ്.  മുകളിൽ കൊടുത്ത എല്ലാ സൗകര്യങ്ങളും ലഭ്യമായ സ്ഥലം - ഹാർബർ. ഹാർബർ സ്ഥിതി ചെയ്യുന്ന പട്ടണം - Port.  ചരക്ക് കയറ്റിറക്കിനും കപ്പൽ കേടുപാട് തീർക്കുന്നതിനും Dock  ഉപയോഗിക്കുന്നു.  കോതി എന്ന വാക്ക് മലയാളത്തിന് സ്വന്തം. മൂന്ന് ഭാഗവും വെള്ളം നിൽക്കുന്ന, കടലിനോട് ചേർന്ന കരയാണ് കോതി.  കോതിയിലായിരുന്നു G L P സ്കൂൾ west പഴയ കെട്ടിടം. ഇപ്പോൾ ഏതാനും മീറ്റർ തെക്കു മാറി ഇരിക്കുന്നു.  അവിടെ നിന്നും തെക്കു പടിഞ്ഞാറ് മുനമ്പ്.  കുറെ തെക്കു മാറി മറ്റൊരു കോതി.  അവിടെ അമ്പലം വന്നപ്പോൾ കോതീശ്വരം. വലിയ ഒരു പാറ അവിടെ ഉണ്ടായിരുന്നു. കടലിൻ്റെ വക്കിൽ.  തിര അടിച്ചു കയറ്റിയ മണലിൽ അത് മൂടിപ്പോയി.  ഈ സ്ഥലത്തെ അതുകൊണ്ട് കല്ലിങ്ങൽ എന്നും പറയും. കല്ലിങ്ങൽ, കോതി, മുനമ്പം.  നിരവധി ഉണ്ട് കേരളത്തിൽ.

ജെട്ടി സ്റ്റോപ്പിൽ നിന്നും വടക്കോട്ട് നീങ്ങിയാൽ ആറാം മൈൽ.  കോഴിക്കോട് നിന്നും ആറ് മൈൽ ദൂരത്തിലായിരുന്നു സ്റ്റോപ്പ്.  അവിടെ പോസ്റ്റ് ഓഫീസ് വന്നപ്പോൾ അതായി പേര്. പോസ്റ്റ് ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് നീങ്ങിയപ്പോൾ അവിടെ ഒരു ട്യൂഷൻ സെൻ്റർ വന്നു- ജീനിയസ്. ഇപ്പോഴും സ്റോപിൻ്റെ പേര് ജീനിയസ് തന്നെ.  മുന്നൂറ് മീറ്റർ വടക്ക് ഒറ്റതെങ്ങ്.  പണ്ട് ബസ് സ്റ്റോപ്പ് ആയിരുന്നു.  ഇന്ന് സ്റ്റോപ്പ് ഇല്ല.  കയർ കോർപറേഷൻ്റെ ഫാക്ടറിയും ഷോ റൂമും അവിടെയുണ്ട്.  അവിടെ പണ്ട് സത്രവും സത്രക്കുളവും ഉണ്ടായിരുന്നു എന്ന് പഴമക്കാർ പറയന്നു. അറുപതുകളിൽ കുളവും ജീർണ്ണിച്ച ഒരു കെട്ടിടവും ഉണ്ടായിരുന്നു.  അവിടെ നിന്നും മുന്നോട്ട് പോയാൽ സ്ഥലം കാരാട്ട് കോട്ട. കോട്ട എന്നാൽ കാട് കയറിയ സ്ഥലം എന്നേ അർത്ഥമുള്ളൂ.  ഇപ്പോള് കെ എസ് ഇ ബി യുടെ സെക്ഷൻ ഓഫീസ് അവിടെ സ്ഥിതി ചെയ്യുന്നു. റോഡിൻ്റെ പടിഞ്ഞാറ് കളരി.  കളരിയിരുന്ന സ്ഥലത്താണ് ഇന്ന് ആർ എം ആശുപത്രി.  ആശുപത്രി വന്നതിനു ശേഷമാണ് ബസ് സ്റ്റോപ്പ് വന്നത്.  മുമ്പ് ഉണ്ടായിരുന്ന വായനശാല സ്റ്റോപ്പിന് ഒരു മാറ്റം.  ഇന്നത്തെ ബി സി റോഡ് പണ്ട് ഇണ്ണേക്കൻ റോഡ് ആയിരുന്നു.  അത് റോഡ് ആയിരുന്നില്ല.  ബേസൽ മിഷൻ സ്ഥാപിച്ച ഓട്ടു കമ്പനി ഇന്ന് മധുര ബസാർ എന്നു വിളിക്കുന്ന മരക്കാട് കുന്നിൽ ഉണ്ടായിരുന്നു.  കമ്പനിയുടെ നടത്തിപ്പുകാരായ ജർമൻ പാതിരിമാർക്ക് കുതിര സവാരി നടത്താൻ അവർ പണിതതാണ്.  അക്കാലത്തെ പ്രമുഖനായ കോൺട്രാക്ടർ ഒണക്കൻ നിർമിച്ച വീതി കൂടിയ വരമ്പ് (causeway) കോൺട്രാക്ടറുടെ പേരിൽ അറിയപ്പെട്ടു തുടങ്ങി.  

ചെമ്മണ്ണും ചെങ്കൽ കഷ്ണങ്ങളും കൊണ്ടിട്ട് വയലിലൂടെ ഉയർത്തി കെട്ടിയ causeway മലയാളിക്ക് ആദ്യമായിരിക്കാം. ബേപ്പൂരിൻ്റെ പടിഞ്ഞാറ് ഭാഗത്ത് കൂടി കടന്നു പോകുന്ന ഓൾഡ് മിലിറ്ററി റോഡ് ഇങ്ങനെ ഉയർത്തി കെട്ടിയതായിരുന്നില്ല. അതിൻ്റെ പല ഭാഗങ്ങളും ചതുപ്പിലൂടെയാണ് കടന്നു പോയത്.  കോഴിക്കോട് ബേപ്പൂർ റോഡിൽ  നിന്നും തുടങ്ങുന്ന causeway ഇണ്ണേക്കൻ റോഡായി. റോഡിനും ഒരു മലയാളം വാക്ക് ഉണ്ട് - നിരത്ത്. പക്ഷെ, നാട്ടുകാർ അയിത്തം കൽപ്പിക്കാതെ റോഡ് മലയാളമാക്കി.  അങ്ങനെയാണ് ഭാഷ ഉണ്ടാകുന്നത്.  മലയാളം പിജിൻ(pidgin) ആയിരുന്നോ?  ഭിന്ന ഭാഷാ സമൂഹം ചന്തയിൽ ഒന്നിക്കുമ്പോൾ ചരക്ക് വിൽക്കുന്നു വാങ്ങുന്നു വില പേശി കച്ചവടം ഉറപ്പിക്കുന്നു. ആദ്യം സ്വന്തം ഭാഷയിലും പിന്നെ സ്വന്തത്തിൽ അന്യൻ്റെത്  കലർത്തിയും കച്ചവടം പുരോഗമിക്കുന്നു. ഇടനിലക്കാരായി വന്ന ചെട്ടിയും കോമട്ടിയും മറ്റു ഭാഷക്കാരും സംസാരിച്ച് ഉണ്ടായ ചന്ത (market) ഭാഷ. വാണിയം ഭാഷ എന്നും പറയാം.  ജീവി സഹജമായ പര വിദ്വേഷം ഏറ്റവും താണ ലെവലിൽ നിൽക്കുന്ന ഇടമാണ് market.
 

ഇണ്ണേക്കൻ റോഡ് തോണിച്ചിറ കൈ വഴിയിൽ അവസാനിക്കുന്നു.  ചിറയുടെ അപ്പുറത്താണ് മരക്കാട്ട് കുന്ന്.  ഫറോക്ക് പാലം കഴിഞ്ഞ് കുന്നിൻ്റെ ചെരുവിൽ എത്തിയ പുഴ രണ്ട് കൈ വഴിയായി ഒഴുകുന്നു.  രണ്ടിൻ്റെയും ഇടയിൽ ചെറിയ ഒരു തുരുത്ത്.  ഇന്ന് അതിന് കോഴി തുരുത്ത് എന്ന് പറയുന്നു. പണ്ട് അത് പേരില്ലാ തുരുത്ത് ആയിരുന്നു.  തോണിച്ചിറ പുഴയിൽ മുട്ടുന്ന കോണായ ഇടം മരക്കാട്ട് കമ്പനിയുടെ ഓട് സ്റ്റോക്ക് ചെയ്യുന്ന സ്ഥലം.  മറ്റൊരു stock yard കമ്പനിക്ക് ഉണ്ടായിരുന്നു.  അഴിമുഖത്തിനടുത്ത്.
ഒന്നാം ലോക യുദ്ധത്തിൽ തോറ്റ ജർമനിയുടെ വസ്തുക്കൾ കണ്ട് കെട്ടിയപ്പോൾ ഇതും ബ്രിട്ടീഷ് ഗൺമെൻ്റിൻ്റെ കയ്യിൽ വന്നു. ആ സ്ഥലം കളക്ടർ  മീൻ ഉണക്കുന്നവർക്ക് പാട്ടം കൊടുത്തു. അങ്ങനെ അത് മീൻ ചാപ്പ ആയി.
അതിനു വടക്ക് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ.  1920- ൽ ഇത് നിലവിൽ വന്നു.  സ്കൂളിന് സ്ഥലം പോര എന്ന് കണ്ടപ്പോൾ കളക്ടർ ലീസ് റദ്ദാക്കി സ്ഥലം തിരിച്ചു വാങ്ങി സ്ക്കൂൾ ഇവിടേക്ക് മാറ്റി.  ഈ സ്ഥലം: കോതി.          കോതിയുടെ തെക്കു പടിഞ്ഞാറ് മുനമ്പ്.     കേരളത്തിൽ നിരവധി കോതി. 

ചെറുവണ്ണൂരിൽ നിന്നും ചന്തക്കുന്നിൽ   എത്തണമെങ്കിൽ മമ്മിളി കടവ് കടക്കണം.  പാലം ഇല്ലായിരുന്നു. ഇല്ലാത്തത് വല്ലായ്മ അല്ലാത്ത കാലം. റെയിൽ വേ ലൈൻ  ചാലിയത്ത് നിന്നും മാറ്റി കോഴിക്കോട്ടേക്ക് നീട്ടിയപ്പോൾ പുഴയ്ക്ക് മുകളിൽ ആദ്യം പാലം വന്നു. ചാലിയത്തെ തീവണ്ടി ആപ്പീസിന് പേര് ബേപ്പൂർ ടെർമിനസ്. ഫറോക്കിൽ പിന്നീട് വേറെ പാലം പണിതപ്പോൾ റെയിൽ വേ പഴയ പാലം റോഡിന് കൊടുത്ത്.  ആ പാലം ഇപ്പോഴും ഭാരം ചുമക്കുന്നു. മിളി എന്ന വാക്ക് പഴയ മലയാളം. അർത്ഥം വയൽ. 'മാ' വലുത് എന്ന് വിവക്ഷ. ഉച്ചാരണ ദാർഡ്യം കൊണ്ട് മാമിളി  മമ്മിളിയായി. പുഴയുടെ ഇരു  വശവും വയൽ ആയിരിക്കണം. അവിടം പിന്നീട് കടവായി.

ഇണ്ണേക്കൻ റോഡ് തോണിച്ചിറ കടക്കാൻ പണ്ട് പാലം ഉണ്ടായിരുന്നു. തടയണയുടെ മുകളിലൂടെ ആയിരുന്നു പാലം. പടികൾ കയറി ഇറങ്ങി അപ്പുറത്ത് എത്താം. ചെറുവണ്ണൂരിലെ ഓട്ടു കമ്പനി അണ്ടിക്കമ്പനി എന്നിവിടങ്ങളിലേക്ക് പണിക്കാർ പാലം വഴിയാണ് നടന്നെത്തിയിരുന്ന്ത്. തടയണയുടെ ചീർപ്പ് പുഴയിലെ ഓരു വെള്ളം തോണിച്ചിറയിലൂടെ വയലിൽ കയറാതിരിക്കാൻ അടച്ചും, മഴക്കാലത്ത് തോണിച്ചിറയിലെ വെള്ളം വലിഞ്ഞു പോകാൻ തുറന്നും  പ്രദേശത്തെ നെൽകൃഷിക്ക് യോഗ്യ മാക്കി. ചീർപ്പ്പാലം നിന്ന ഇടമായതിനാൽ സ്ഥലം അങ്ങനെ അറിയപ്പെട്ടു.

തോണിച്ചിറ പല വയലുകളിലൂടെ ഒഴുകി ബേപ്പൂർ പുഴയുടെ കൈ വഴിയിൽ ചേരുന്നു.  മുണ്ട വയൽ, കരിമ്പാടം, നാത്തൂണിനിപ്പാടം, പശ്‌നിപ്പാടം, കിഴക്കുമ്പാടം, ആമക്കോട്ട് വയൽ, ആമാംകുനി എന്നിവിടങ്ങളിലൂടെ ഒഴുകിയെത്തുന്നു.

രണ്ടായി മുറിഞ്ഞ പുഴ കോഴി തുരുത്ത് കഴിഞ്ഞ് ഒന്നിക്കുന്നു. ഇവിടെയാണ് ആലിയക്കോട്.  ആല്=വെള്ളം+ഇയ = ചേർന്ന കോട് = സ്ഥലം; പടിഞ്ഞാറ്. വെള്ളത്തിൻ്റെ രണ്ട് വഴി ഒന്നായപ്പോൾ അക്കരെ നിന്നുള്ള കാഴ്ചപ്പാടിൽ ഇക്കരെ ആലിയക്കോട് ആയി.

ചെറുവണ്ണൂർ എങ്ങനെ വന്നു? ചേർ എന്ന വാക്കിന് പഴയ മലയാളത്തിൽ വെള്ളം എന്ന് അർത്ഥം. ചേർപ്പ് കടലിനോട് ചേർന്ന് കിടക്കുന്ന സ്ഥലം. ചേർ വന്ന ഊർ ചെറുവണ്ണൂർ ആയി. പേരാമ്പ്ര ബ്ലോക്കിലെ ചെറുവണ്ണൂർ വെള്ളപ്പൊക്കത്തിൻ്റെ അടയാളമാണ്. കുറ്റ്യാടി പുഴയിലെ വെള്ളപ്പൊക്കം അടയാളമിട്ടതായിരിക്കണം ചെറുവണ്ണൂർ, ഇന്ന് പഞ്ചായത്ത്. പൊന്നാനി പുഴയിലെ വെള്ളപ്പൊക്കം അടയാളപ്പെടുത്തിയതാണ് മൂന്നാമത്തെ ചെറുവണണൂർ. ഭാരതപ്പുഴ, നിളാ എന്നൊക്കെ പിന്നീട് അടയാളപ്പെടുത്തിയ പുഴയുടെ കര ആംഗലഭാഷയിലൂടെ കയറി ഇറങ്ങി ഷൊർണൂർ ആയി. റെയിൽവേയുടെ പല വഴികൾ സന്ധിക്കുന്ന ഇടം ആയതിനാൽ അത് കവലയായി. എന്നാല് മധുരം മലയാളം ആയ ആരും തന്നെ ഷൊർണൂർ കവല എന്ന് വിളിക്കാറില്ല. ജംഗ്ഷൻ തന്നെ. ജംഗ്ഷൻ മലയാളം അല്ലെന്ന് ആരു പറഞ്ഞു? 

ബേപ്പൂർ കോഴിക്കോട് റോഡിൽ ബി. സി. റോഡ് തുടങ്ങുന്നിടത്ത് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥിതിചെയ്യുന്നു. 1890- ൽ തുടങ്ങിയ സ്ഥാപനം പ്രദേശത്തെ ആദ്യ സ്കൂൾ ആയിരുന്നു. 1951- ൽ ഹൈ സ്കൂൾ വന്നപ്പോൾ പുതുക്കു ടി കുടുംബത്തിൻ്റെ വകയായ പ്രൈമറി സ്ക്കൂൾ പഴയ സ്ക്കൂൾ ആയി.*

ഹൈ സ്കൂൾ വരുന്നതിനു മുമ്പ് അവിടെ അടയാളം ആയിരുന്നത് പയം കുളം. പായം, പായം എന്നീ വാക്ക് വെള്ളത്തെ കുറിക്കുന്നു. എല്ലാ കാലത്തും അതിൽ വെള്ളം ഉണ്ടായിരുന്നു. അങ്ങനെയാണ് പയം കുളം ആയത്. വെള്ള മില്ലാത്ത കുളം പൊട്ടക്കുളം. പയം എന്ന വാക്കിൻ്റെ അർത്ഥം അറിയാത്തവർ പശുക്കുളം ആക്കി. കുളത്തിൻ്റെ കിഴക്കും വടക്കും നെൽ പാടങ്ങൾ.

ഹൈസ്കൂളിൻ്റെ തൊട്ട പറമ്പിൽ വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസ് നിൽക്കുന്ന പറമ്പിൽ ആല ഉണ്ടായിരുന്നു. അലഞ്ഞു നടക്കുന്ന കാലികളെ പിടിച്ചു കെട്ടാനുള്ള തായിരുന്നു ആല.  പിഴ ഒടുക്കി കാലിയെ തിരിച്ചെടുക്കാം. വിദേശ ബ്രീഡ് ഇല്ലായിരുന്നു. പാൽ കുടിക്കുന്ന ശീലം പാഠ പുസ്തകത്തിൻ്റെ ഏട്ടിൽ ഒതുങ്ങി. ഉറുമ്പും കാവ് അന്നും ഉണ്ടായിരന്നു.  ഇന്നത്തെ പോലെ അന്നു വിളക്ക് തെളിഞ്ഞു കണ്ടിട്ടില്ല. വറുതിയുടെ കാലം പാവം മൂർത്തിയും അതു പങ്കു വെച്ചു.

തമ്പി റോഡ് ഇടവഴി ആയിരുന്നു. പറമ്പ് കഴിഞ്ഞാൽ വഴി വിശാലമായ പാടത്തേക്ക്.

ഇട പ്രഭുക്കന്മാരുടെ മൂന്നു കോവിലകങ്ങൾ പരിസരത്ത് ഉണ്ടായിരുന്നു.  നെടിയാൽ കോവിലകം, മനയത്ത് കോവിലകം, കരിപ്പാ കോവിലകം. 

ഓൾഡ് മിലിറ്ററി റോഡ് എന്ന് ഇപ്പോൾ പൊതു ഇടത്തിൽ എഴുതപ്പെട്ട വീതി കൂടിയ വഴി ടിപ്പുവിൻ്റെ സൈനിക നീക്കത്തിൻ്റെ അടയാളമായി തെക്കു വടക്കായി ബേപ്പൂർ കാലിക്കറ്റ് റോഡിന് സമാ ന്തരമായി അന്നും ഉണ്ട്. ചില ഇടങ്ങളിൽ അത് സുൽത്താൻ റോഡ്. 

ഓൾഡ് മിലിറ്ററി റോഡിനു വിലങ്ങനെ പോയാൽ എത്തുന്നത് പള്ളിക്കര പുറായി എന്ന സ്ഥലത്ത്. പള്ളി വെറും വില്ലേജ്, അല്ലെങ്കിൽ hamlet.  പുറായി= കടപ്പുറം. കുറച്ച് തെക്കോട്ട് വന്നാൽ പള്ളിതുമ്പ്. കല്ലിങ്ങൽ കടപ്പുറം. അതു തന്നെയാണ് കോതീശ്വരം.  പിന്നെയത് ഗോതീശ്വരവും ഗോമതീശ്വരവും ആയി വേഷ പ്പകർച്ച നടത്തി, എങ്കിലും ക്ലച്ച് വീണത് കല്ലിങ്ങലും ഗോതീശ്വരവും.

 

തമ്പി റോഡിൽ നിന്നും വടക്കോട്ട് നീങ്ങിയാൽ കൽക്കുന്നത്തേക്ക് പോകുന്ന ഇടവഴി. ഇന്നത്  ശിവപുരി റോഡ്. 

ഫ്രാൻസിൻ്റെ trading post ആയിരുന്ന മയ്യഴി എന്ന ഭൂ പ്രദേശം കേരളത്തിൽ ആണെങ്കിലും പോണ്ടിച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗമാണ്. ബത്തേരി, ഫാക്ടറി എന്നൊക്കെ നമ്മുടെ ഭാഷയിൽ പറയുന്ന trading post. കുരുമുളക് നാട്ടുകാരിൽ നിന്ന് വാങ്ങി സൂക്ഷിക്കുന്ന സ്ഥലം ആയിരുന്നു.  മിക്ക trading post ഉം കടൽക്കരയിൽ ആയിരുന്നു.  അവിടെ നിന്നും തോണിയിൽ കയറ്റി കടലിൽ നങ്കൂരമിട്ട കപ്പലിൽ എത്തിക്കുന്നു. ഇന്നത്തെ പോലെ wharf, jetty, pier, dock ഇതൊന്നും വേണ്ട. അങ്ങനെ പുളു എഴുതിക്കൂട്ടാൻ പാകത്തിന് നിരവധി തുറമുഖങ്ങൾ ഉണ്ടായി. മരക്കലം - ഇതായിരുന്നു ശ്രേഷ്ഠ ഭാഷയിൽ കപ്പൽ. മയ്യഴി ഫ്രഞ്ച് ഭാഷയിലൂടെ കയറി ഇറങ്ങിയപ്പോൾ മാഹി ആയി.

മഹി എന്നൊരു വാക്കുണ്ട് മലയാളത്തിൽ. ഭൂമി, മണ്ണ്, നിലം എന്നൊക്കെയാണ് അർത്ഥം. വെപ്പൂർ ( സാമൂതിരിയുടെ കോഴിക്കോടൻ രേഖകളിൽ അങ്ങനെയാണ്) അറബി മൊഴിയിൽ ബെപ്പൂർ. ശേഷം ഇംഗ്ലീഷിലൂടെ കയറി ഇറങ്ങിയപ്പോൾ ബേപ്പൂർ ആയി. മഹിക്ക് തെക്കും പടിഞ്ഞാറും ഏറെ സ്ഥലങ്ങൾ കടൽവെപ്പുകളായി പിന്നീട് ചേർന്നതകാം. പിന്നീടു വന്ന landmarks - പഴയ സ്ക്കൂൾ, ഹൈ സ്കൂൾ തുടങ്ങിയവ മഹിയെ കേവലം ബസ് സ്റ്റോപ്പ് ആയി ചുരുക്കി.  മഹിയിലെ മണ്ണും കടൽവെപ്പിലെ എക്കലും ഈ കഥ പറയുന്നുണ്ട്.  പക്ഷെ, സ്വാഭാവികമായി, കടലൊഴുക്കും തിരയിളക്കവും കാരണമായി ഉണ്ടാകുന്ന കടൽവെപ്പ് മനുഷ്യായുസ്സിൽ ദർശനീയമാവില്ല. മറിച്ച് വെള്ളപ്പോക്കം, ഭൂമികുലക്കം, സുനാമി എന്നീ പ്രകൃതി ദുരന്തങ്ങൾ വലിയ ഒരു ജന വിഭാഗത്തിന് അനുഭവമാകുന്നു. അങ്ങനെ ഒന്ന് C E 1341-ൽ ഉണ്ടായി.  കേരളം എന്ന് ഇന്നു നമ്മൾ വിളിക്കുന്ന കരയുടെ ഭൂപ്രകൃതിയും ഉപരിതല ഘടനയും അത് മാറ്റി മറിച്ചു. ചരിത്ര രേഖകളിൽ ഇതിനെക്കുറിച്ച് വലിയ വിവരം ലഭ്യമല്ല.  ഇതിൻ്റെ സൂചന ചരിത്രകരൻമാർക്ക് കിട്ടിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ അത് വലിയ തോതിൽ മാറ്റങ്ങൾ ഉളവാക്കി. പെരിയാറിലെ വെള്ളപ്പൊക്കം എന്നും ഇതിനെ വിശേഷപ്പിക്കാം. പെരിയാറിൻ്റെ ഗതി മാറി. ആലുവയിൽ നിന്നും അത് രണ്ടായി പിരിഞ്ഞ് ഒരു കൈവഴി കൊച്ചി കായലിലേക്ക് തുറന്നു. കിഴക്കൻ മലകൾ ഇടിഞ്ഞ് ചളിയായി നദിയിലൂടെ ഒഴുകി എത്തി.  കൊടുങ്ങല്ലൂരിനടുത്തുള്ള അഴിമുഖം വൻ മാറ്റത്തിന് വിധേയമായി.  നദിയിലൂടെ ഒഴുകി എത്തിയ എക്കൽ തിരയുടെ തള്ളലിൽ മുനമ്പം മുതൽ അഴീക്കൽ വരെ നെടു നീളത്തിൽ പുതിയ ദ്വീപ് ആയി പൊന്തി.  ഇതിനെ വൈപ് എന്നു വിളിച്ചു വന്നു.  കടൽവെപ്പ്.  വൈപുർ (പത്തനം തിട്ട), വൈക്കം (കോട്ടയം), വക്കം (തിരുവനന്തപുരം), വെച്ചൂർ (കോട്ടയം) തുടങ്ങിയ സ്ഥലങ്ങൾ കടൽ വെപ്പുകളോ ആറ്റുവേപ്പുകളോ ആയിരിക്കണം.
എട്ടാം നൂറ്റാണ്ടിൽ ഉണ്ടായ വ്യാപക ബ്രാഹ്മണ കുടിയേറ്റം എല്ലാം തന്നെ നദീ തടങ്ങളിൽ ആയിരുന്നു. മലപ്പുറം ജില്ലയിലെ കരിക്കാട് ഒഴിച്ച്.  എന്തു കൊണ്ട് കോഴിക്കോട്  ആദ്യ ബ്രാഹ്മണ അധിവാസം ഉണ്ടായില്ല?
8 മുതൽ 10 നൂറ്റാണ്ട് വരെയാണ് ബ്രാഹ്മണ കുടിയേറ്റത്തിൻ്റെ ഉച്ചസ്ഥായി.  തളിപ്പറമ്പിനും കാരത്തൂരിനും ഇടയിൽ 32 ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നു പോലും കാണുന്നില്ല.

C E 1347 ലാണ് സാമൂതിരി ഭരണം തുടങ്ങിയതെന്ന് ചില ചരിത്രകാരൻമാർ പറയുന്നു. 1341ലെ പ്രകൃതി ക്ഷോഭത്തിൽ വൈപ്പിൻ പൊന്തി വന്നതു പോലെ ഉണ്ടായി വന്നതാണോ കല്ലായി പുഴക്കും എലത്തൂർ പുഴക്കും ഇടയിലെ കോഴിക്കോട് കര.  അങ്ങനെയും ആകാം.  പോർളാതിരയുടെ ചരിത്രം ഏറെ fill up ചെയ്യാനുള്ളത്കൊണ്ട് സാമൂതിരിയുടെ തുടക്കത്തിൽ തുടങ്ങാം.

ഏറാടി സാമന്തൻ നായർ ജാതിയെന്ന് വിക്കീപീഡിയ.  ജാതി തെരയുന്ന ശീലം തൂത്താൽ പോവില്ല. തമിഴകത്തെ സ്ഥലമാണ് ഏറാടി. വിഴ്‌പുറം എന്ന കടലോര ജില്ലയിലെ കൊച്ചു ഗ്രാമം. കുടിയേറി വന്നവരെ കുടിയിറങ്ങിയ സ്ഥലം കൊണ്ട് അടയാളപ്പെടുത്തി. കിഴക്കൻ കടലോരം വഴി വന്ന ഏറാടി പൂർവികർ പടിഞ്ഞാറൻ കടലോരത്തെ പൂന്തുറയിൽ കുറെ നാൾ അധിവസിച്ചു. അവിടെ വെച്ച് മാടമ്പിയായോ അതൊ ഇവിടെ എത്തിയപ്പോൾ ആയോ എന്ന് വ്യക്തമല്ല, ഏതായാലും പൂന്തുറകോൻ ആയി ചരിത്രകാ രൻമാർ വിശേഷിപ്പിക്കുന്നു. A local chieftain. ഒന്നു കനം വെക്കും. അസ്കിതയാവില്ലല്ലോ. നമ്മുടെ ദേശീയ ഭാഷയല്ലെ?

*കേരം തിങ്ങും കേരള നാട്ടിൽ സ്കൂൾ ഉണ്ടായ ചരിത്രം അറിയാൻ 

  http://classicsretold.blogspot.com/2026/01/the-madras-education-code-of-1868.html













Comments

Popular posts from this blog

Marks of Migration: Pappini (പാപ്പിനി)

ഊർ

സ്ഥല നാമം: ഒന്ന്